കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരട് പൊലീസ്. വീണ്ടും വിളിപ്പിക്കുമെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. കണക്കുകൾ പൊലീസിനെ ബോധിപ്പിച്ചുവെന്ന് സൗബിനും വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൗബിൻ പറഞ്ഞു. തെറ്റിധാരണ മൂലമുണ്ടായ കേസാണ്. തന്ന മുതൽ മടക്കി നൽകിയിരുന്നു. ലാഭവിഹിതം സംബന്ധിച്ച തർക്കങ്ങളാണ് നിലനിൽക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.സൗബിൻ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ താൻ തയ്യാറാണെന്നും അതിനായി താൻ പണം മാറ്റി വെച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരൻ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം.സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.എന്നാൽ ഇയാൾ വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കൾ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കൾ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നൽകാത്തതെന്നാണ് നിർമാതാക്കളുടെ വാദം.