തിരുവനന്തപുരം: കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളിലെ ലഹരി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ തടയുന്നതിനാണ് നടപടി. ആദ്യഘട്ടത്തില്‍ മൂവായിരം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ആരോഗ്യ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി സഹകരിച്ചാണ് പരിശീലനം.
വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ്സ് ടെസ്റ്റുകള്‍ നടത്താനും തീരുമാനമായി. ഏതെങ്കിലും വിഷയത്തില്‍ പഠനപിന്തുണ വേണ്ടുന്ന കുട്ടികളെ കണ്ടെത്തി അത് നല്‍കണമെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ വ്യാജ സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കര്‍ശനമായി നിരോധിക്കും എന്ന പേരിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.