നിലമ്പൂരിൽ ഹോട്ടലിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ നിലമ്പൂർ പോലീസിൽ പരാതി നൽകി. പേരാമ്പ്ര ചക്കിട്ടപ്പാറ പിള്ളപെരുവണ്ണ വലിയവളപ്പിൽ അജയ് കുമാർ (23) ആണ് ജൂൺ 22-ന് പുലർച്ചെ രണ്ടിന് നിലമ്പൂരിലെ ഒരു ഹോട്ടലിന്റെ നാലാംനിലയിൽനിന്ന് വീണ് മരിച്ചത്. അന്വേഷണമാവശ്യപ്പെട്ട് പിതാവ് എൻ. ദിനേശൻ, മാതാവ് ഷീബ, സഹോദരൻ അർജുൻ തുടങ്ങിയവരാണ് നിലമ്പൂർ പോലീസ് എസ്എച്ച്ഒ സുനിൽ പുളിക്കലിന് പരാതി നൽകിയത്
മൈസൂരുവിൽ ബിബിഎ കോഴ്സ് പൂർത്തിയാക്കിയ അജയ് കുമാർ സപ്ളിമെന്ററി പരീക്ഷ എഴുതാൻ കഴിഞ്ഞ 13-ന് മൈസൂരുവിലേക്ക് പോയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളുമൊത്ത് ബെംഗളൂരുവിലുള്ള ഒരു സ്വാമിയെ കാണാൻ പോയി. തുടർന്ന് സ്വാമിയുടെ കൂടെ നിലമ്പൂരിലെത്തി ഹോട്ടൽമുറിയിൽ താമസിച്ചു. അജയ് കുമാറിന് താമസിക്കാൻ മറ്റൊരു മുറി എടുത്തുനൽകിയിരുന്നെങ്കിലും നാലാംനിലയിലെ സ്വാമിയുടെ മുറിയിൽനിന്ന് എഴുന്നേറ്റാണ് താഴേക്ക് വീണതെന്നാണ് പോലീസ് പറയുന്നത്. സംഭവശേഷം പോലീസ് അറിയിക്കുമ്പോഴാണ് സ്വാമി വിവരമറിഞ്ഞതെന്നും പറയുന്നുണ്ട്.
ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വാമിയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു അജയ് കുമാർ. നാലുദിവസം മാത്രം പരിചയമുള്ള സ്വാമിയുടെ കൂടെ എന്തിനാണ് യുവാവിനെ താമസിപ്പിച്ചതെന്നും രക്ഷിതാക്കൾ ചോദിക്കുന്നുണ്ട്.
രാസലഹരിക്കതെിരേ സ്വാമി ഒരു കാംപെയ്ൻ നടത്തുന്നുണ്ടെന്നും അതുകഴിഞ്ഞ് നാട്ടിലേക്കു വരുമെന്നുമാണ് അജയ് ഫോണിൽ വീട്ടുകാരോടു പറഞ്ഞിരുന്നത്. 21-ന് രാത്രി ഒമ്പതേകാലിന് വരെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.