തിരുവനന്തപുരം:കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വെള്ളയമ്പലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഗവർണർ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. രാജ്ഭവന്റെ പ്രധാന കവാടത്തിൽനിന്ന് 30 മീറ്റർ അകലെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും എസ്എഫ്ഐ പ്രതിഷേധം തുടരുമെന്നാണ് സൂചന.