താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് മോഹൻലാൽ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ഭാരവാഹിത്വം ഏൽക്കാൻ താൽപര്യമില്ലെന്ന വിവരം മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയിൽ അറിയിച്ചതായും റിപ്പോർട്ടുകൾ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ താര സംഘടനയിലെ പല നടന്മാർക്കെതിരെയും ഉയർന്നുവന്ന ലൈംഗികാരോപണങ്ങൾ ‘അമ്മ’ സംഘടനയെ സമ്മർദ്ദത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന അമ്മ ഭരണസമിതി രാജിവെച്ചത്. താൽക്കാലിക ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും സുരേഷ് ഗോപിയും സൂചന നൽകിയിരുന്നു. അമ്മ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിൽ നടക്കാനാണ് ഇനി സാധ്യത. ഒരു വർഷം താൽക്കാലിക കമ്മിറ്റി ചുമതല വഹിക്കും.