നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. അഞ്ചാം റൗണ്ട് വോട്ടെണ്ണുമ്പോൾ 5000 ന് മുകളില്‍ വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. അഞ്ചാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 16078 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 19849 വോട്ടും അൻവറിന് 6636 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 2271 വോട്ടു ലഭിച്ചു. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാൾ വോട്ടുകൾ സ്വതന്ത്ര സ്ഥാനാർഥി അൻവര്‍ പിടിക്കുന്നുണ്ട്. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകളിൽ ചോർച്ചയുണ്ടായി
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്
75.27% ആയിരുന്നു പോളിങ്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ടു വിഹിതം വർധിപ്പിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. 25,000–30,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അൻവർ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികൾ കണക്കുകൂട്ടുന്നത്.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്