തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നിർദേശം നൽകി. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.