തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ടശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ അടിച്ചു.
വീണ്ടും പിന്തുടരുന്നത് കണ്ടതോടെ കുട്ടിയുടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ഇതിനിടെ പ്രതി രക്ഷപ്പെട്ടു.തുടർന്ന് കുട്ടി അമ്മയോടൊപ്പം ശ്രീകാര്യം സ്റ്റേഷനിലെത്തി പരാതി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. ഇയാൾ മുമ്പ് സ്‌ത്രീയെ ഉപദ്രവിച്ച് മാല പൊട്ടിച്ച കേസിൽ റിമാൻഡിലായിട്ടുണ്ട്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.