പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.