അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം നല്ല സന്തോഷത്തിലാണ് നിക്സനും കുടുംബവും മാശിവയലിൽനിന്ന് തമിഴ്നാട് കാങ്കയത്തേക്ക് പോയത്. ഭാര്യയെ ജോലി സ്ഥലത്ത് വിട്ടിട്ട് മക്കളും താനും തിരികെ വരുമെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുശേഷം ദുരന്ത വാർത്തയാണ് ബന്ധുക്കൾ കേട്ടത്
ഹൈമ നേത്രയും, മൗന ഷെറിനും അവിടെ തന്നെയാണ് പഠിച്ചിരുന്നത്. അവധിയായതിനാലാണ് മക്കളുമായി തിരിച്ചുവരാനിരുന്നത്. നിക്സൺ ഗൂഡാർവിളയിൽ റേഷൻകട നടത്തുകയായിരുന്നു. കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്ററായും പ്രവർത്തിച്ചുവരികയായിരുന്നു. സാധാരണയായി ഒഴിവ് ദിവസങ്ങളിലാണ് ജാനകിയും മക്കളും ഗൂഡാർവിളയിലേക്ക് വരുന്നത്. മറയൂർ മാശിവയലിലെ അടുത്ത ബന്ധുവിന്റെ കല്യാണമായതിനാൽ ഇത്തവണ ഒരുദിവസം കൂടി അവധി എടുത്ത് നിന്നു.
തിങ്കളാഴ്ച വിവാഹത്തിൽ പങ്കെടുത്തതിനുശേഷം നിക്സണും കുടുംബവും മറ്റൊരു ബന്ധുവിന്റെ വീട്ടിൽ താമസിച്ചു. ബുധനാഴ്ച പുലർച്ചെ 5.10-നാണ് ഭാര്യയെ കാങ്കയത്തെ ജോലിസ്ഥലത്ത് കൊണ്ടുവിടാനായി മക്കൾക്കൊപ്പം കാറിൽ നിക്സൺ പോയത്. ഭാര്യയെ കൊണ്ടുവിട്ടശേഷം മക്കളുമൊത്ത് തിരികെ ഗൂഡാർവിളയിലെ വീട്ടിൽ വരുമെന്നും നിക്സൺ ബന്ധുക്കളോട് പറഞ്ഞിരുന്നു
ചൊവ്വാഴ്ച കാങ്കയത്തേക്ക് പോകാൻ നിക്സന് വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ, ജാനകിക്ക് ജോലിക്ക് കയറേണ്ടത് കൊണ്ട് മാത്രമാണ് പോകാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കാങ്കയത്തെ താമസസ്ഥലത്തുനിന്ന് 10 കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. ഭാര്യ ജാനകി ജോലിചെയ്ത ആശുപത്രിയിൽതന്നെ മൂന്നു പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച് ഗുഡാർവിളയിൽ എത്തിച്ചു. ബുധനാഴ്ച സംസ്കാര ചടങ്ങുകൾ നടക്കും.
കാങ്കയത്തിനടുത്ത് കാർ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലിടിച്ചാണ് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി രണ്ടാംഡിവിഷനിലെ സി. രാജ (നിക്സൺ-41), ഭാര്യ ജാനകി (40), മകൾ ഹൈമ നേത്ര (15) എന്നിവർ മരിച്ചത്. മറ്റൊരു മകൾ മൗന ഷെറിനെ (11) പരിക്കുകളോടെ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.35-ന് നത്തക്കടയൂരിലെ സുന്ദരപുരിയിലായിരുന്നു അപകടം.
റേഷൻകടവ്യാപാരിയും കേബിൾ ടിവി ഓപ്പറേറ്ററുമാണ് രാജ. ഈറോഡ് ജില്ലയിലെ അരസല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി. ഏതാനും ദിവസത്തെ അവധിക്കുശേഷം മൂന്നാറിൽനിന്ന് ഇവർ അരസല്ലൂരിലേക്കു പോകുകയായിരുന്നു. രാജയാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ എതിർവശത്തുള്ള പുളിമരത്തിൽ ഇടിച്ച് തകരുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കാങ്കയം പോലീസ് കേസെടുത്തു.







