കൊടുവള്ളിയിൽനിന്നു തട്ടിക്കൊണ്ടു പോയ യുവാവിനെ താമസിപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്ന് സൂചന. കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ ശനിയാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. 4 ദിവസം പിന്നിട്ടിട്ടും അനൂസ് റോഷനെ കണ്ടെത്താനായിട്ടില്ല.
മൊബൈൽ നെറ്റ്‌വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനൂസ് റോഷൻ മലപ്പുറത്തുണ്ടെന്ന സൂചന ലഭിച്ചത്. ഇത് അടിസ്ഥാനമാക്കി വിവിധയിടങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുൻപ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഒരാൾ ഞായറാഴ്ച അറസ്റ്റിലായിരുന്നു. കൊടുവള്ളി കരിങ്കമണ്ണുകുഴിയിൽ മുഹമ്മദ് ഷാഫിയെ(39) ആണ് അനൂസ് റോഷന്റെ മതാവ് നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
അനൂസ് റോഷനു വേണ്ടി ജില്ലയിലെയും മലപ്പുറത്തെയും വിവിധ സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉത്തരമേഖല ഐജി രാജ്പാൽ മീണ, റൂറൽ എസ്പി കെ.ഇ.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.







