മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിരുവിട്ട കൈയാങ്കളി ആരാധകരില്‍ വലിയ രോഷങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇതിനെതിരേ വ്യാപക വിമര്‍ശനങ്ങളയുരുന്നുണ്ട്. ഇപ്പോൾ ഈ മോശം പ്രവണതയ്ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക.ഇതെന്ത് ഫുട്ബാളാണ്? ആ അടിയില്‍ ഒരു ജീവന്‍ പൊലിഞ്ഞാല്‍, ആജീവനാന്തം കിടപ്പിലായാല്‍ നഷ്ടപ്പെടുന്നത് ആര്‍ക്കാണെന്നുമുള്ള ചോദ്യമുയര്‍ത്തിയാണ് അനസ് രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു സംഘര്‍ഷത്തിന്റെ വീഡിയോ കൂടി പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലാണ് അനസിന്റെ പ്രതികരണം.
‘ഇതെന്ത് ഫുട്ബാളാണ്? ആ അടിയില്‍ ഒരു ജീവന്‍ പൊലിഞ്ഞാല്‍, ആജീവനാന്തം കിടപ്പിലായാല്‍ നഷ്ടപ്പെടുന്നത് ആര്‍ക്കാണ്? എന്റെ അനുജന്മാരോ ജ്യേഷ്ഠന്മാരോ ആണിവര്‍. ഈ ഗുണ്ടായിസത്തിലൂടെ വരും തലമുറയ്ക്ക് നമ്മള്‍ നല്‍കുന്ന സന്ദേശമെന്താണ്? വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേര്‍പ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യം? സെവന്‍സ് ഫുട്ബാളിന്റെ അധികാരികള്‍ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണം. തുറന്നു പറച്ചിലുകള്‍ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ. എന്നാലും കണ്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ കളിച്ച, എനിക്കറിയുന്ന ഫുട്ബാള്‍ ഇങ്ങനല്ല’ അനസ് ഇന്‍സ്റ്റയില്‍ കുറിച്ചു.
സെവന്‍സ് കൈയാങ്കളി പതിവാകുന്നതിന് കാരണം ഇതിലെ നിയമങ്ങള്‍ കര്‍ശനമല്ല എന്നതാണെന്നാണ് പ്രധാന ആരോപണം.
സാധാരണ ഫുട്ബോള്‍ മത്സരങ്ങളില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ചുവപ്പ് കാര്‍ഡ് ലഭിച്ച് കളിക്കാരന്‍ പുറത്തായാല്‍ പകരക്കാരനെ ഇറക്കാൻ നിയമമില്ല. സെവന്‍സില്‍ ഇതു ബാധകമല്ലാത്തതാണ് അടിപിടിയുടെ പ്രധാന കാരണം. ചുവപ്പ് കാര്‍ഡ് ലഭിച്ച് ഒരു താരം കയറിയാല്‍ മറ്റൊരാളെ ഇറക്കാന്‍ കഴിയും. അതുകൊണ്ടു അച്ചടക്ക നടപടി താരസമ്പന്നമായ ടീമിനെ ബാധിക്കുന്നേയില്ല. ഇതൊരുതരത്തില്‍ അച്ചടക്കലംഘനത്തിനുള്ള ലൈസന്‍സ് കൂടിയായി മാറുന്നു. നീ ധൈര്യമായി പെരുമാറിക്കോ, കൂടെ ഞാനുണ്ട് എന്ന ചില മാനേജര്‍മാരുടെ വാക്കുകള്‍ പലര്‍ക്കും ധൈര്യമാകുന്നു.