പാലക്കാട്: പാലക്കാട് കളക്‌ടറേറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൂവരും പിടിയിലായത്. ഡിവിഷണൽ അക്കൗണ്ട് ഓഫീസർ സലാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശിധരൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2000 രൂപ വീതം കൈക്കൂലി പണവും വിജിലൻസ് കണ്ടെടുത്തു.പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. പിടിയിലായ മൂന്ന് ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാട്ടി പാലക്കാട് സ്വദേശിയായ കരാറുകാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് കരാറുകാരനെ ഏൽപിച്ച പണം വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പിടിയിലായത്. ഇവരുടെ വീടുകളിലും വിജിലൻസിന്റെ പരിശോധന നടന്നു.ബില്ല് മാറുന്നതിനായാണ് ഉദ്യോഗസ്ഥർ കരാറുകാരനിൽ നിന്ന് രണ്ടായിരം രൂപാ വീതം ആവശ്യപ്പെട്ടത്. മൂവരും നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.