തിരുവനന്തപുരം: വേടന്റെ അറസ്റ്റിൽ വനംവകുപ്പ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് വനംവകുപ്പിന്റെ വിലയിരുത്തൽ. വനംവകുപ്പ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് അപൂർണമെന്ന വിലയിരുത്തലിലേക്ക് എത്തിയത്.വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോ വേണ്ടയോ എന്നതിൽ റിപ്പോർട്ടിൽ പരാമർശമില്ല. ഈ അപാകതകൾ എല്ലാം തിരുത്തി, ഉദ്യോഗസ്ഥർക്കെതിരായ നടപടി എന്താകണമെന്നതടക്കം ഉൾപ്പെടുത്തിയ പുതിയ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് വനംവകുപ്പ് സെക്രട്ടറിക്ക് മന്ത്രിയുടെനിര്‍ദേശം.
ഇന്ന് തന്നെ പുതിയ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം ജ്യോതിലാലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമുണ്ടായതായി നിലവിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. CCF, DFO, RO എന്നിവരുടെ വാദം കൂടി കേട്ടതിന് ശേഷമാണ് വനംമേധാവി റിപ്പോര്‍ട്ട് നല്‍കിയത്. പുലിപ്പല്ല് ആണെന്ന് പൊലീസ് ഉറപ്പിച്ചു പറഞ്ഞ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് റേഞ്ച് ഓഫീസറുടെ മൊഴി. മാധ്യമങ്ങളുടെ മുന്നിൽ നിറഞ്ഞ് നിൽക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വേടനെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമാണെന്നും റിപ്പോർട്ടിലുണ്ട്.വേടന്റെ അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടിനീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വേടന്റെ അറസ്റ്റിലും തുടർ നടപടിക്രമങ്ങളിലെയും തിടുക്കം ചൂണ്ടിക്കാണിച്ച് വനം വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു.