സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർപ്പാക്കിയതായി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്ന് ജസ്റ്റിസ് സി പ്രദീപ് കുമാർ കേസിലെ തുടർ നടപടികൾ റദ്ദാക്കി. ഷാൻ റഹ്‍മാനും ഭാര്യക്കുമെതിരായിരുന്നു കേസ്. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയുടെതെന്നായിരുന്നു കേസ്. കേസ് ഒത്തുതീർപ്പായി എന്ന് വ്യക്തമാക്കി പരാതിക്കാരനും സത്യവാങ്മൂലം ഫയൽ ചെയ്‌തതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.
കൊല്ലം സ്വദേശി നിജു രാജിന്റെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസായിരുന്നു ഷാൻ റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഷാൻ റഹ്‌മാൻ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞിരുന്നു. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശല്യം സഹിക്കാനാകാതെ നൽകിയ അഞ്ച് ലക്ഷം രൂപ തിരികെ കൊടുത്തുവെന്നും ഷാൻ പറഞ്ഞു. സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചാണ് ഷാൻ റഹ്മാൻ പ്രതികരിച്ചത്.