തൃശൂർ: എംഡിഎംഎ കടത്തിയ കേസിൽ ടാൻസാനിയൻ പൗരൻ അറസ്റ്റിലായി. അബ്‌ദുൽ ഹാമദ് മഖാമെയെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ചൊവ്വന്നൂരിൽ നിന്ന് 67 ഗ്രാം എംഡിഎംഐയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിൽ പൂക്കോട് താമരയൂർ സ്വദേശികളായ നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവർ ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാന്‍സാനിയൻ സ്വദേശിയുടെ പങ്ക് വ്യക്തമായത്. പ്രതികൾക്ക് എംഡിഎംഎ വിൽപന നടത്തിയത് അബ്ദുൽ ഹാമദ് ആയിരുന്നു. കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് വില്പന സംഘത്തിലെ കണ്ണിയും ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ വ്യക്തിയാണെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസവും ഓൺലൈൻ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിലായിരുന്നു. ഓസ്റ്റിൻ ഓഗ്ബയെയാണു തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവിധ വ്യാജ വാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവത്തിന്റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിൽ നിന്ന് പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെടുകയായിരുന്നു.സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ വന്നതാണെന്നും കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്‌റ്റിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു. ബോക്‌സുകൾ ഓതറൈസേഷൻ കൊണ്ടുവരുന്നതിനായി പണമയച്ച് തരണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.