ഇടുക്കി: ഇടുക്കി തൊടുപുഴയിൽ യജമാനൻ അതിക്രൂരമായി വെട്ടിയ വളർത്തുനായ ചത്തു. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് തന്റെ വളർത്തുനായയെ അതിക്രൂരമായി വെട്ടിക്കൊന്നത്. നായയുടെ ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. നായയെ വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് വളർത്തുനായ താൻ വിളിച്ചിട്ട് വന്നില്ല എന്ന കാരണം കൊണ്ട് ഷൈജു വെട്ടിപ്പരിക്കേൽപ്പിച്ചത്. പിന്നീട് നായയെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ നായയെ അനിമൽ റെസ്ക്യൂ ടീമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ സംരക്ഷണത്തിൽ കഴിയവേ ഇന്നാണ് നായ ചത്തത്.