മാറഞ്ചേരി: മാലിന്യ മുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി ശുചിത്വ പ്രഖ്യാപനം നടത്തിയ പഞ്ചായത്ത് കോമ്പൗണ്ടിൽ തന്നെ മാലിന്യക്കൂന്മാരമെന്ന് പരാതി.കഴിഞ്ഞ മാർച്ച് 29 ന് ആണ് മാറഞ്ചേരി പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം നടത്തിയത്.പ്രഖ്യാപനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ മാലിന്യ മുക്ത പ്രഖ്യാപന റാലിയും നടത്തിയിരുന്നു.പഞ്ചായത്ത് കോമ്പൗണ്ടിൽ കൃഷി ഭവനോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിട്ടത് ഇപ്പോഴും കാണാം. കൂടാതെ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂമ്പാരമിട്ടിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോകൾ സഹിതം വന്ന് കൊണ്ടിരിക്കുന്നുണ്ട്.ഇതൊക്കെ നില നിൽക്കുേമ്പോൾ പഞ്ചായത്തിന് എങ്ങിനെ ഈ പുരസ്കാരം ലഭിച്ചു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.സ്വാധീനം ഉപയോഗപ്പെടുത്തി അവാർഡുകൾ സംഘടിപ്പിക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ കാണാതെ പോകുകയാണ്.പഞ്ചായത്ത് കോമ്പൗണ്ടിലും പരിസര പ്രദേശങ്ങളിലുമുള്ള മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടീച്ചർക്ക് മാറഞ്ചേരി പൗരാവകാശ സമിതി പ്രവർത്തകർ നിവേദനം നൽകി.അങ്ങാടിയും പരിസരവും ശൂചിയാക്കുന്നതിന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ പഞ്ചായത്തിലെ ഓഫീസ് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സമിതി ട്രഷറർ എം.ടി. നജീബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.കെ. റഹീം ഒ .വി ഇസ്മായിൽ എന്നിവരാണ് പൗരാവകാശ സംരക്ഷണ സമിതിക്ക് വേണ്ടി നിവേദനം നൽകിയത്