കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും. തട്ടിപ്പിനിരയായ കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 83-കാരന് 8,80,000 രൂപ നഷ്ടമായി. പണം എത്തിയത് തെലങ്കാനയിലുള്ള ഒരു അക്കൗണ്ടിലേക്കാണ് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.തട്ടിപ്പിനിരയാക്കപ്പെട്ട വ്യക്തി നേരത്തെ മുംബൈയില്‍ ജോലിചെയ്തിരുന്നു. ആ സമയത്ത് ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും കേസ് തീര്‍ക്കാന്‍ ബാങ്ക് രേഖകള്‍ അയച്ചുതരണമെന്നുമാണ് ഇദ്ദേഹത്തെ വിളിച്ചയാള്‍ ആവശ്യപ്പെട്ടത്.മുംബൈ സൈബര്‍ ക്രൈമിന്റെ ഡെപ്യൂട്ടി കമ്മിഷണര്‍ എന്നാണ് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. തട്ടിപ്പ് നടന്ന് ദിവസങ്ങള്‍ക്കുശേഷം, ബുധനാഴ്ചയാണ് വയോധികന്‍ പോലീസില്‍ പരാതി നല്‍കിയത്.