കൽപ്പറ്റ: വയനാട്ടിൽ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും പാറാവ് നിന്ന് ഉദ്യോഗസ്ഥനുമാണ് സസ്‌പെൻഷൻ. ആദിവാസി യുവാവായ ഗോകുലിനെയാണ് മൂന്ന് ദിവസം മുൻപ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം. പൊലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗോകുലിന്റെ മരണത്തിൽ കൽപ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ കൽപ്പറ്റ സ്റ്റേഷനിൽ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജന്മാരുടെ സംഘവും കൽപ്പറ്റ സ്റ്റേഷൻ സന്ദർശിച്ചിരുന്നു.യുവാവിന്റെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഗോകുലിന്റെ കൈയിൽ പെൺകുട്ടിയുടെ പേര് മൂർച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. മർദ്ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുളളത്. യുവാവിന് പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.മാർച്ച് 27ന് ഒരു ആദിവാസി പെൺകുട്ടിയെ കാണാതായിരുന്നു. ഈ പെൺകുട്ടിയെ ഗോകുലിനൊപ്പം കണ്ടെത്തുകയായിരുന്നു. ഇവരെ രാത്രി പതിനൊന്നരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. വിവരം ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാവിലെ എട്ട് മണിയോടെ ശുചിമുറിയിലേക്ക് പോയ ഗോകുൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.