തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. വെള്ളിയാഴ്ചയും ചര്‍ച്ച തുടരും. സമരത്തിലുള്ള കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷ (കെഎഎച്ച്ഡബ്ല്യുഎ) നുമായി ഇത് മൂന്നാംവട്ടമാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളെയും ക്ഷണിച്ചിരുന്നു.മുമ്പ് നടന്ന ചര്‍ച്ചകളിലെപ്പോലെ ഓണറേറിയം വര്‍ധനവ് സംബന്ധിച്ചും വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചും യാതൊരു തീരുമാനവും ഉണ്ടായില്ലെന്ന് സമരസമിതി നേതാവ് എസ്. മിനി പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ച് നിര്‍ദേശം ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചു. അതിനെ തങ്ങളുടേത് ഒഴികെയുള്ള സംഘടനകള്‍ അംഗീകരിച്ചുവെന്നും അവര്‍ പറഞ്ഞു.’ഓണറേറിയം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ വിരമിക്കല്‍ അനുകൂല്യത്തെ കുറിച്ചോ ചര്‍ച്ചചെയ്തിട്ടില്ല. കമ്മിറ്റി വെക്കുന്ന നിര്‍ദേശം ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് എന്നത്തേയും പോലെ ഇന്നും പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് താല്പര്യം ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ല. ഓണറേറിയം വെറും 3000 എങ്കിലും വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒന്നും മിണ്ടുന്നില്ല. ചര്‍ച്ചയില്‍ ഞങ്ങള്‍ തൃപ്തരല്ല. സമരവുമായി ശക്തമായി മുന്നോട്ട് പോകും. പല പദ്ധതികള്‍ക്ക് 1000 കോടി സര്‍ക്കാര്‍ ചെലവാക്കുന്നു. മന്ത്രി വിളിച്ചാല്‍ അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും’, മിനി പറഞ്ഞു.ആശവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയമിക്കാം എന്ന നിര്‍ദേശം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് യൂണിയനുകള്‍ അംഗീകരിച്ചു. ഓണറേറിയം ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വിയോജിപ്പ് അറിയിച്ച ആശാ വര്‍ക്കര്‍മാര്‍ സമരം തുടരാന്‍ തീരുമാനിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞദിവസം മന്ത്രി വീണാ ജോര്‍ജ്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്‍സെന്റീവ് വര്‍ധന കേന്ദ്രം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നാണ് ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി വ്യക്തമാക്കിയത്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അസോസിയേഷന്‍. ആശാവര്‍ക്കര്‍മാരുടെ സമരം 53 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു ചര്‍ച്ച.