ഇനിയുള്ള അഞ്ച് ദിവസം പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ പെയ്യും. എന്നാൽ ഒരിടത്തും പ്രത്യേക മഴ മുന്നറിയിപ്പില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ഇന്നലെ വിവിധ ജില്ലകളിൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ പറന്നു പോയി. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. സ്കൂൾ അവധി ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്. കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. കോടഞ്ചേരി പഞ്ചായത്തിലായിരുന്നു കനത്ത മഴ പെയ്തത്. നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി