തൃശ്ശൂരിൽ വേനൽമഴയ്ക്ക് പിന്നാലെ റോഡുകളിലും പറമ്പുകളിലും പതനിറഞ്ഞത് ആശങ്ക ഉയർത്തി. പാറളം പഞ്ചായത്തിലെ വെങ്ങിണിശ്ശേരി മേഖലയിലാണ് പതമഴ (ഫോം റെയിൻ) കണ്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഈ മേഖലകളിൽ മഴ ആരംഭിച്ചത്. മഴ ശമിച്ചതോടെ റോഡുകളിലും ഓടകളിലും സോപ്പുപതപോലെ കണ്ടു. പിന്നീട് പത പറന്നുപോകുകയും ചെയ്തു. ഈ ‘പ്രതിഭാസം’ 100 മീറ്റർ പ്രദേശത്താണുണ്ടായത്
വെങ്ങിണിശ്ശേരി ഗുരുകുലം സ്കൂളിന് സമീപം കാഞ്ഞിരക്കായ് റോഡിലെ പത്തിലധികം വീടുകളുടെ പരിസരത്തും റോഡിലുമാണ് പതമഴ കണ്ടത്. മരത്തിലും ചെടികളിലും ഇവ തങ്ങിനിന്നു. മഴ ശമിച്ച് മണിക്കൂറുകളോളം ഇവ ചാലിൽ കെട്ടിനിൽക്കുന്നുണ്ട്. ചില വീട്ടുകിണറുകളിലും പത കണ്ടെത്തി. വെങ്ങിണിശ്ശേരി വില്ലേജ് ഓഫീസർ ഇതുസംബന്ധിച്ച വിവരം കളക്ടറേറ്റ് ഓഫീസിന് കൈമാറി.