വടക്കഞ്ചേരി: വിഷു വിപണിയിലേക്ക് ശിവകാശി പടക്കങ്ങൾ ഓൺലൈനിൽ വിപണി തുറന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി ലോഡ് പടക്കമാണ് കേരളത്തിലേക്ക് ഓൺലൈൻ ബുക്കിംഗിലൂടെ എത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ദീപാവലിക്കും മറ്റും നിർമിച്ച പഴയ സ്റ്റോക്കാണ് ഓൺലൈനിലൂടെ എത്തുന്നതെന്നാണ് വിവരം.സാധനങ്ങൾ പാഴ്സൽ വണ്ടികളിലും, കൊറിയർ വാഹനങ്ങളിലുമായാണ് എത്തുന്നത്. ഇതുവഴി സർക്കാരിനും വലിയ ഇനത്തിൽ നികുതി നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പടക്ക കച്ചവടക്കാർ പറയുന്നു. പടക്കം ഓൺലൈനിൽ വിൽക്കുന്നത് നിരോധിച്ചു കൊണ്ട് 2018 ൽ കോടതി ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്.നിയമം എതിരായിട്ടും ഇപ്പോഴും ഓൺലൈനിൽ വിൽപ്പന തകൃതിയായി നടക്കുകയാണ്. യാതൊരു നിലവാരമില്ലാത്ത പടക്കങ്ങളാണ് ഓൺലൈനിൽ എത്തുന്നത്. പടക്കങ്ങൾ സാധാരണ പാഴ്സൽ പോലെ ബസിലും പാഴ്സൽ ലോറികളിലുമുൾപ്പെടെയാണ് ഉപഭോക്താക്കൾക്ക് മുന്നിലേക്കെത്തുന്നത്.പാലക്കാടൻ ചൂടിൽ സമ്മർദ്ദം കൂടുന്നതിനാൽ തീപിടിക്കാനുള്ള സാധ്യതകൾ കൂടുതലായതിനാൽ ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ സാധാരണ രീതിയിൽ പടക്കം വിപണനം നടത്തുന്നതിന് വലിയ നിയമപ്രശ്നങ്ങളുണ്ട്. അഗ്നി രക്ഷാസേനയുടെയും എക്സ്‌പോസീവ് വിഭാഗത്തിന്റെയും അനുമതിയും വലിയ സുരക്ഷിതമായ സംഭരണ സൗകര്യം തുടങ്ങി നിരവധി കടമ്പകൾ കടന്നുവേണം ലൈസൻസ് നേടുവാൻ. ഇത്തരത്തിൽ വലിയ തുക സർക്കാരിലേക്ക് നൽകി കച്ചവടം നടത്തുന്നവർക്ക് ഓൺലൈൻ വിപണി വലിയ തിരിച്ചടിയാകുന്നുണ്ട്. അപകട സാദ്ധ്യത കൂടുതലുള്ള നിയമവിരുദ്ധവുമായ ഓൺലൈൻ പടക്ക കച്ചവടം കർശനമായി തടയാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.