ലോഡിങ്ങിന്റെ കൂലി കുറഞ്ഞുപോയെന്നുപറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45), പതാലിൽ പുത്തൻവീട്ടിൽ എസ്.പി.കുട്ടപ്പൻ(53) എന്നിവരാണ് പിടിയിലായത്. കുമ്പഴ മൈലാടുംപാറ മേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനെയാണ് ഇവർ പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടിയത്
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സുരേഷും പ്രതികളും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് കൂലിപ്പണി ചെയ്യുന്നവരുമാണ്. കഴിഞ്ഞദിവസം ചെയ്ത ജോലിയുടെ കൂലിയായ 1000 രൂപ സുരേഷ് കൊടുത്തില്ലെന്നാരോപിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും വീട്ടിൽ കിടന്ന വെട്ടിരുമ്പുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സുരേഷ് ഒറ്റയ്ക്കാണ് താമസം.
ഒന്നാം പ്രതി അനിൽ രാജിന് പത്തനംതിട്ട സ്റ്റേഷനിൽ വധശ്രമം, മോഷണം എന്നീ കേസുകളുണ്ട്. ഇലവുംതിട്ട ഇൻസ്പെക്ടർ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.