കേരളത്തില്‍ തൊഴില്‍മേഖലയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചതായി കേന്ദ്ര പഠന റിപ്പോര്‍ട്ട്. 2023- 24 സാമ്പത്തിക വര്‍ഷം 36.4 ശതമാനമായാണ് സ്ത്രീ പങ്കാളിത്തം ഉയര്‍ന്നത്. സംസ്ഥാനത്തെ ആകെ തൊഴില്‍ ശക്തി 16 ശതമാനം വര്‍ധിച്ച് 1.51 കോടി ആയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.കേരളത്തിലെ തൊഴില്‍ മേഖലക്കെതിരെ പല തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോഴാണ് പി എല്‍ എഫ് സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നത്. 2020- 21ല്‍ 1.30 കോടിയായിരുന്ന സംസ്ഥാനത്തെ മൊത്തം തൊഴില്‍ ശക്തി 2023- 24ല്‍ 1.51 കോടിയായി വര്‍ധിച്ചുവെന്നും മൂന്ന് വര്‍ഷത്തെ കാലയളവില്‍ 16 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നും സര്‍വേ കണക്കാക്കുന്നു. സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തവും വര്‍ധിച്ചുവെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തില്‍ 2020-21ല്‍ 32.3 ശതമാനമായിരുന്നു സ്ത്രീ പങ്കാളിത്തമെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അത് 36.4 ശതമാനം ആയി ഉയര്‍ന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ ദി പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെയിലാണ് കണ്ടെത്തല്‍. സ്വയംതൊഴില്‍, സ്ഥിരംതൊഴില്‍, കരാര്‍ജോലി എന്നിങ്ങിനെ തരംതിരിച്ചാണ് പഠനം. കേരളത്തില്‍ ഭൂരിഭാഗവും സ്ഥിരതൊഴിലാളികളാണ്. എന്നാല്‍, ദേശീയതലത്തിലിത് കൃഷി അധിഷ്ഠിത സ്വയംതൊഴിലുകളിലാണ്.
സംഘടിത മേഖലയിലെ തൊഴില്‍ എണ്ണം കണക്കാക്കുമ്പോള്‍ പൊതുമേഖലയില്‍ 1,94,473ഉം സ്വകാര്യ മേഖലയില്‍ 3,56,415ഉം സ്ത്രീതൊഴിലാളികളുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 1,50,2317 തൊഴിലാളികളുടെ വര്‍ധനവ് ആണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രം 1,058,02ഉം വിവര സാങ്കേതിക മേഖലയില്‍ 62,650ഉം സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സൈബര്‍ പാര്‍ക്ക്, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലെ മാത്രം കണക്കാണിത്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി തൊഴില്‍ ലഭിച്ച 60,000 പേരില്‍ 22,400 പേര്‍ സ്ത്രീകളുമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, പുതുതായി രജിസ്റ്റര്‍ ചെയ്ത മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങളില്‍ 93,000 എണ്ണം അതായത് 31 ശതമാനം വനിതാ സംരംഭകരുടെ ഉടമസ്ഥതയിലായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.