വടക്കാഞ്ചേരി: പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ഇന്ന് ആഘോഷിക്കും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാൻപിടിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. ദൂരെദിക്കുകളിൽനിന്ന് ബന്ധുമിത്രാദികൾ ഉൾപ്പെടെയുള്ളവർ പൂരം കാണാൻ നാട്ടിലെത്തിയിട്ടുണ്ട്. പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീർക്കുന്ന വെടിക്കെട്ടും ആസ്വദിക്കാൻ ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹം പതിവാണ്. ആനച്ചമയപ്രദർശനം കാണാൻ കുടുംബസമേതം പൂരാസ്വാദകർ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദർശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്‍റേത് ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂർ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ് പ്രദർശനം ഒരുക്കിയത്. പൂരം ദിവസമായ ചൊവ്വാഴ്ച എങ്കക്കാട് വിഭാഗത്തിന് രാവിലെ 11.30 മുതൽ 1.45 വരെ ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടു മുതൽ കുമരനെല്ലൂർ ദേശം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയാണ്. ഉച്ചക്ക് 12ന് വടക്കാഞ്ചേരി ദേശം ശിവ-വിഷ്ണു ക്ഷേത്രസന്നിധിയിൽ വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ വിഖ്യാതമായ നടപ്പുര പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് സായുധ പൊലീസ് അകമ്പടിയോടെ രാജകീയ പ്രൗഢിയിൽ ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്രയാണ്. ഇതിന് തലയെടുപ്പുള്ള ഗജവീരന്മാരെയാണ് ദേശങ്ങൾ അണിനിരത്തുന്നത്. വൈകീട്ട് 5.30ന് കുടമാറ്റം, 6.30ന് പ്രസിദ്ധമായ ഭഗവതിപ്പൂരം, തുടർന്ന് കൂട്ടിഎഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി എട്ടിന് കുമരനെല്ലൂർ ദേശവും 26ന് പുലർച്ചെ വടക്കാഞ്ചേരി ദേശവും ഉത്രാളിക്കാവ് പാടത്ത് കരിമരുന്നുപ്രയോഗം നടത്തും. ചൊവ്വാഴ്ച തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഉച്ചക്ക് 1.30 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. ചേലക്കര, ഷൊർണൂർ, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക റൂട്ടും പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വടക്കാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.