ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു
പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ ഇപ്പോള്‍ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാൻ അറിയിച്ചിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.