ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലര്‍ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ പ്രതീക്ഷയിലാവും രോഹിത് ശര്‍മ്മയും സംഘവും കളത്തിലിറങ്ങുക
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിക്കുന്നതാണ് യഥാർഥ വെല്ലുവിളിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്‍റെ വാക്കുകളിലുണ്ട് ഇന്നത്തെ പോരാട്ടത്തിന്‍റെ ചൂടും ചൂരും. രോഹിത് ശർമ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോൾ സമ്മർദം കൂടുതൽ മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന പാകിസ്ഥാന് ടീമിനാണ്. ന്യൂസിലൻഡിനോട് തോറ്റ പാകിസ്ഥാന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്കെതിരെ ജയം അനിവാര്യം. ഇന്ത്യയോടും മുട്ടുകുത്തിയാൽ 29 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്‍റിന് വേദിയാവുന്ന പാകിസ്ഥാന് കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവരും.
ബംഗ്ലാദേശിനെ തോൽപിച്ച ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. നായകന്‍ രോഹിത് ശർമ്മയും കിംഗ് വിരാട് കോലിയും കൂടി യഥാർഥ ഫോമിലേക്ക് എത്തിയാൽ ടീം ഇന്ത്യയുടെ സ്കോർ ബോർഡ് സുരക്ഷിതമാവും. ഐസിസി ടൂർണമെന്‍റുകളിലെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയും പ്രതീക്ഷ കൂട്ടുന്നു. മധ്യ ഓവറുകളിൽ ബൗളിംഗ് മൂർച്ച കുറയുന്നത് പരിഹരിക്കണം ടീം ഇന്ത്യക്ക്. അതേസമയം പരിക്കേറ്റ് പുറത്തായ ഫഖർ സമാന് പകരം പാക് നിരയില്‍ ഇമാമുൽ ഹഖ് ടീമിലെത്തും. ബാബർ അസം, സൗദ് ഷക്കീൽ മുഹമ്മദ് റിസ്‌വാൻ, സൽമാൻ ആഘ എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ പാകിസ്ഥാന് കാര്യങ്ങൾ കടുപ്പമാവും.