ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് നാലുകേസുകൾ റജിസ്റ്റർ ചെയ്തു. ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.
32 പേരിൽനിന്നായി 150 കോടിയിലേറെ രൂപ ബില്യൻ ബീസ് ഉടമകൾ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകൾ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഇവർ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിൻ, ജെയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു