കോഴിക്കോട്: വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേർ അറസ്റ്റിൽ. കോഴിക്കോട് വളയത്താണ് സംഭവം. വളയം എലിക്കുന്നുമ്മൽ ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽനിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും പിടികൂടി. ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീടിനടുത്തെ കിണറ്റിൽ കാട്ടുപന്നി വീണത്. തുടർന്ന് ഇവർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ കാട്ടുപന്നിയെ പിടികൂടി. പിന്നീട് കിണറിൽ വീണ പന്നി രക്ഷപ്പെട്ടെന്ന് ഫോറസ്റ്റ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. സംശയം തോന്നി ഇന്നലെ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.