വിവാദമായ എടപ്പാളിലെ തീയറ്റര്‍ പീഡന ക്കേസില്‍ പ്രതി ചേര്‍ത്ത അന്നത്തെ ചങ്ങരംകുളം എസ്ഐ ആയിരുന്ന കെ. ജി.ബേബിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.2018 ലാണ് കേസിനാസ്പദമായ സംഭവം.തീയറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ തീയറ്റര്‍ ജീവനക്കാര്‍ തന്നെ മാധ്യമങ്ങള്‍ വഴി പുറത്ത് വീട്ടതാണ് സംഭവങ്ങളുടെ തുടക്കം.പിന്നീട് സംഭവം വിവാദമായതോടെ അന്ന് ചങ്ങരംകുളം സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന ബേബിയെ, സംഭവത്തില്‍ കേസെടുക്കാന്‍ വൈകി എന്ന ആരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടല്‍ കേസില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.സസ്പെന്ഷന് ശേഷം ജോലിയില്‍ പ്രവേശിച്ച എസ്ഐ ബേബി, പെരിന്തല്‍മണ്ണ സ്റ്റേഷനിൽ നിന്നാണ് 2019 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.സംഭവത്തില്‍ റിട്ടയര്‍ മെന്റ് ആനുകൂല്യങ്ങള്‍ അടക്കം തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു.സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കേസില്‍ എസ്ഐ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.അഡ്വക്കറ്റ് കെഎന്‍ പ്രശാന്ത്,അഡ്വക്കറ്റ് പയസ് മാത്യു,അഡ്വക്കറ്റ് സുപ്രിയ മനോജ് എന്നിവരാണ് ഹാജരായിരുന്നത്.എരുമപ്പെട്ടി മങ്ങാട് സ്വദേശിയാണ് എസ്ഐ ബേബി.