പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനം. മത്സരാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്.
എ ഗ്രേഡ് നേടിയ വിദ്യാർഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നായിരുന്നു പരാതി. ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് കപ്പ് നടുവട്ടം സ്കൂളിന് നൽകാൻ തീരുമാനിച്ചത്. ഓഫ് സ്റ്റേജ് മത്സങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഗ്രേഡുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്ന സമയത്ത് തിരുത്തിയെന്നാണ് കണ്ടെത്തിയത്.
രേഖകൾ സഹിതമാണ് പട്ടാമ്പി എ ഇ ഒ ക്ക് പരാതി നൽകിയിരുന്നത്. ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ ആരൊക്കെയെന്ന് പരിശോധിച്ച് വരികയാണെന്ന് പട്ടാമ്പി എ ഇ ഒ അറിയിച്ചു. ഇന്ന് വൈകിട്ട് കപ്പ് ഏറ്റുവാങ്ങി നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന്റെ ഘോഷയാത്രയുണ്ടാകും.