തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. മരിച്ചവരിൽ ഒരാള്‍ സേലം സ്വദേശിനിയാണ്. സേലം സ്വദേശിനി മല്ലികയാണ് മരിച്ച ഒരാള്‍. അപകടത്തിൽ 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു
മറ്റു നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രിയോടെയാണ് തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് വലിയ അപകടമുണ്ടായത്. തിരുമലയിലെ തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളിൽ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായി തിരക്ക് കണക്കിലെടുത്ത് ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായാണ് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്. ഇത്തരത്തിൽ സജ്ജമാക്കിയ കൗണ്ടറിലാണ് അപകടമുണ്ടാത്. താഴെ തിരുപ്പതിയിൽ വെച്ച് കൂപ്പണ്‍ കൊടുക്കാൻ തീരുമാനിച്ചെങ്കിലും രണ്ടിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും തിരുപ്പതിയിൽ സ്വദേശിയായ മലയാളി മുരളീധരൻ പറഞ്ഞു.
നാളെ രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായുള്ള കൂപ്പണ്‍ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. സ്ഥലത്ത് പൊലീസിനെയും സജ്ജമാക്കിയിരുന്നു. എന്നാൽ, രാത്രിയോടെ തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലെത്തിയിരുന്നു. കൂപ്പണ്‍ വാങ്ങുന്നതിനായി രാത്രി തന്നെ ആയിരണങ്ങള്‍ വന്ന് ക്യൂ നിൽക്കാറുണ്ട്. ഇത്തരത്തിൽ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നലേ ക്യൂവിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണ് തിരക്കുണ്ടായത്.