തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതോടെ മഹാരാഷ്ട്രയിൽ നാസിക്കിലെ കർഷകർ വീണ്ടും ദുരിതത്തിലായിരിക്കയാണ്. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സവാള വിൽക്കേണ്ടിവരുന്ന സാഹചര്യമാണ് പലരെയും കടക്കെണിയിലേക്ക് തള്ളിയിടുന്നത്. സവാളയുടെ വില കുത്തനെ ഇടിഞ്ഞതോടെ നാസിക്കിലെ ലാസൽഗാവ് എ.പി.എം.സി.യിലെ ഉള്ളിലേലം താത്കാലികമായി നിർത്തിവെച്ചു.കഴിഞ്ഞ ദിവസം 1950 വാഹനങ്ങളാണ് സവാളയുമായി ലാസൽഗാവ് എ.പി.എം.സി.യിലെത്തിയത്. സവാള കുറഞ്ഞ വിലക്ക് ലേലത്തിലെടുക്കുന്ന ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും വലിയ തോതിൽ ശേഖരിച്ച് വച്ചാണ് പിന്നീട് മാസങ്ങൾക്ക് ശേഷം ചില്ലറ വിപണിയിൽ കൊള്ളലാഭമുണ്ടാക്കുന്നത്. അതെ സമയം കടം വാങ്ങി വിളവിറക്കിയ പാവം കർഷകരാണ് ചിലവ് പോലും തിരികെ കിട്ടാതെ വലയുന്നത്.സവാളയുടെ 20 ശതമാനം കയറ്റുമതി തീരുവ എടുത്തുകളയണമെന്നും ഉത്പന്നത്തിന് ക്വിന്റലിന് 1000 മുതൽ 1200 രൂപവരെ സഹായം നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സവാളയുടെ വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ചില്ലറ വിപണിയിൽ സവാളക്ക് ഇപ്പോഴും നാലിരട്ടിയാണ് വില.അതേസമയം കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഉപമുഖ്യമന്ത്രി അജിത് പവാർ കേന്ദ്രത്തിന് കത്തെഴുതി. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിൽ സവാളയുടെ കയറ്റുമതി തീരുവ എടുത്തു കളഞ്ഞ് കർഷകർക്ക് ആശ്വാസം നൽകണമെന്ന് പവാർ ആവശ്യപ്പെട്ടു.സവാള വലിയ തോതിൽ കമ്പോളത്തിലെത്തുന്നുണ്ട്. കർഷകർക്ക് താങ്ങുവില ലഭിക്കാത്തതിനാൽ വളരെ കുറഞ്ഞ നിരക്കിൽ ഉത്പന്നം വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നുവെന്നും ക്വിന്റലിന് 1800 മുതൽ 2400 രൂപയ്ക്കാണ് ഉള്ളി വിൽക്കുന്നതെന്നും പവാർ ചൂണ്ടിക്കാട്ടി.