തിരുവനന്തപുരം: വിവാദ പ്രസ്താവന പിൻവലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതു ജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.’എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചുവെന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്താവന പിൻവലിക്കുന്നു’ എന്നാണ് കുറിപ്പിൽ സജി ചെറിയാൻ പറയുന്നത്.മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്‍റെ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. ‘നിങ്ങൾ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാൽ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തിൽപ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തിൽ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ’, എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.വിഷയത്തിൽ രൂക്ഷ വിമർശനം ഉയർന്നെങ്കിലും പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സജി ചെറിയാൻ. എന്നാൽ വിവാദ പ്രതികരണത്തിന് പാർട്ടി പിന്തുണയില്ലെന്ന് സജി ചെറിയാനെ സിപിഐഎം നേതൃത്വം അറിയിച്ചതോടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചാൽ പരസ്യമായി തള്ളിപ്പറയേണ്ടി വരുമെന്നാണ് നേതൃത്വം സജി ചെറിയാനെ അറിയിച്ചത്. എന്നാൽ താൻ ഉദ്ദേശിച്ചത് പോലെയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് സജി ചെറിയാൻ മറുപടി നൽകിയത്. അങ്ങനെയെങ്കിൽ വിഷയത്തിൽ വ്യക്ത വരുത്തണമെന്നും സജി ചെറിയാന് പാർട്ടി നിർദേശം നൽകിയിരുന്നു.







