മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിനുശേഷം സിദ്ധാർഥിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ.മദ്യപിച്ച് വണ്ടിയോടിച്ച ഒരാളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനൽ ആക്ടിവിറ്റിയാണെന്നും ജിഷിൻ പ്രതികരിച്ചു. പോലീസിൽ ഏൽപ്പിക്കുന്നതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിൻ ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്റെ പ്രതികരണം.മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേ പേർ പരിതപിച്ചിരുന്നു. ഇപ്പോൾ ആർക്കും പരിതാപമൊന്നുമില്ലെന്നും അവൻ ആർട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിൻ പറയുന്നു. ലോകത്ത് ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്. ക്രിസ്മസ്, ന്യൂഇയർ സമയത്ത് എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും ജിഷിൻ വീഡിയോയിൽ പറയുന്നു.ബുധനാഴ്ച്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വിൽപനക്കാരനെ ഇടിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സിദ്ധാഥിനെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.








