തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി നൽകും. വൈകിട്ട് മൂന്നുമണിക്ക് ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാവും മൊഴിനൽകുക. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുക. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കെെെമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും കാണിച്ച് ഡിസംബർ ആറിന് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കത്തയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നുമാണ് ചെന്നിത്തല കത്തിൽ ആരോപിച്ചിരുന്നത്.
‘പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിനുമുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. ഞാൻ സ്വതന്ത്രമായി പരിശോധിച്ചാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണം. പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണം’- എന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരുന്നത്.









