രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക കുറ്റവാളിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കോൺഗ്രസിൻ്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നത്. ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി.രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.











