രോഗബാധയും വിലക്കുറവുംമൂലം പ്രതിസന്ധിയിലായിരുന്ന കവുങ്ങ് കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷനല്‍കി കൊട്ടടയ്ക്കയുടെ വില ഉയരുന്നു.മേല്‍ത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളമാണ് ഏതാനും ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്. ഒരുവര്‍ഷം മുന്‍പ് കിലോയ്ക്ക് 450 രൂപ വരെ ഉയര്‍ന്ന് പിന്നീട് താഴേക്ക് പോയിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന് 495-520 രൂപയിലെത്തിയിട്ടുള്ളത്.പുതിയ അടയ്ക്കയുടെ വില 400 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ക്വിന്റലിന് 40,000- 50,000 ആണ് വില. തിരവ് അടയ്ക്കകളായ കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിവയുടെ വിലയിലും വര്‍ധനയുണ്ട്.പഴുത്ത അടയ്ക്ക വെയിലിലുണക്കിയെടുത്ത് ഈര്‍പ്പം തട്ടാതെ മാസങ്ങളോളം സൂക്ഷിച്ച് പൊളിച്ചാണ് മേത്തരം കൊട്ടടയ്ക്ക ഉണ്ടാക്കുന്നത്.ഇവയില്‍നിന്ന് തരംതിരിച്ചാണ് ഒന്നാംതരം, രണ്ടാംതരം, ഉള്ളി, ഫട്ടോറ്, കരിങ്കോട്ട എന്നിവ വേര്‍തിരിച്ചെടുക്കുന്നത്. അതത് വര്‍ഷത്തെ അടയ്ക്ക ഉണക്കിപ്പൊളിച്ച് വില്‍ക്കുന്നതാണ് പുതിയ അടയ്ക്ക. പൊളിക്കുന്ന അവസ്ഥയില്‍ അടയ്ക്കയുടെ പുറംതൊലി പൂര്‍ണായും നീങ്ങാത്തതിനെ ഉള്ളിയെന്നും പുറംഭാഗം വിണ്ടുകീറിയവയെ ഫട്ടോറെന്നും കറുത്ത നിറമുള്ള കനംകുറഞ്ഞ ഇനത്തെ കരിങ്കോട്ടയെന്നുമാണ് വിളിക്കുന്നത്.പെയിന്റ് നിര്‍മാണത്തിനും പാക്ക് നിര്‍മാണത്തിനുമാണ് അടയ്ക്ക കാര്യമായി ഉപയോഗിക്കുന്നത്. പെയിന്റ് കമ്പനികള്‍ വര്‍ധിച്ചതും പഴയ കാലത്തെ അപേക്ഷിച്ച് പെയിന്റിങ് വലിയൊരു തൊഴില്‍മേഖലയായതുമെല്ലാം അടയ്ക്കയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.കവുങ്ങിന് ഇലപ്പുള്ളി, മാഹാളി ബാധമൂലം വലിയ വിളനഷ്ടം കര്‍ഷകര്‍ നേരിട്ടിരുന്നു. പഴയകാലത്തെ പല കവുങ്ങിന്‍തോട്ടങ്ങളും വിലക്കുറവിന്റെ കാലഘട്ടത്തില്‍ പരിചരണമില്ലാതെ ഉണങ്ങിപ്പോകുകയുംചെയ്തു. ഇത് ഉത്പാദനത്തില്‍ കുറവുവരുത്തി.ഇറക്കുമതിയെ ആശ്രയിച്ചാണ് അടയ്ക്ക മാര്‍ക്കറ്റ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇറക്കുമതിയിലുണ്ടായ കുറവുമൂലം ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ അടയ്ക്കക്ക് ക്ഷാമം നേരിട്ടതും ഇവിടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.








