കൊച്ചി: ദേശീയ പാതാ അതോറിറ്റിക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും. നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.മേഖലയിലെ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞത്. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.കൊരട്ടി, പുതുക്കാട്, മുരിങ്ങൂര്‍, ചിറങ്ങര, പേരാമ്പ്ര എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് അടിപ്പാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നത്. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കിടന്ന് വലയുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പല തവണ ഹൈക്കോടതി ഉള്‍പ്പെടെ സംഭവത്തില്‍ മുന്‍പും ഇടപെട്ടിട്ടുണ്ട്. എന്നാല്‍ എത്ര വിമര്‍ശിച്ചിട്ടും താക്കീത് നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാനുള്ള കടുത്ത തീരുമാനം ഹൈക്കോടതി കൈക്കൊണ്ടത്.ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും പ്രശ്‌നം പരിഹരിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.











