രാജ്യത്താകെ വൈദ്യുതിനിരക്ക് കൂടാൻ സാഹചര്യമുണ്ടാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. വൈദ്യുതിവിതരണ കമ്പനികളുടെ മുൻകാലനഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനൽകാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളോട് ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചത്. കേരളത്തിൽ നികത്തേണ്ടിവരുക 6600 കോടിരൂപയാണ്. ഇത് ഈടാക്കാൻ രണ്ടരവർഷത്തേക്ക് യൂണിറ്റിന് 90 പൈസ കൂട്ടേണ്ടിവരും
വിധി ഉടനെ നടപ്പാക്കണമെന്നതിനാൽ മുൻപെങ്ങുമുണ്ടാകാത്ത വലിയവർധനയാണ് കേരളത്തിൽ വരുക.
ഡൽഹിയിൽ വൈദ്യുതിവിതരണ കമ്പനികളുടെ ‘റെഗുലേറ്ററി അസറ്റ്’ നികത്താതെ കുമിഞ്ഞുകൂടുന്നതിനെതിരേ റിലയൻസിന്റെ വൈദ്യുതിക്കമ്പനിയായ ബിഎസ്ഇഎസും ടാറ്റാ പവറും നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിധി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതിവിതരണ കമ്പനികൾക്ക് ബാധകവുമാക്കി.
റെഗുലേറ്ററി അസറ്റ് പ്രഖ്യാപിച്ചാൽ മൂന്നുവർഷത്തിനകം നികത്തണം. ഇതുവരെയുള്ള റെഗുലേറ്ററി അസറ്റ് 2024 ഏപ്രിൽ ഒന്നിന് തുടങ്ങി നാലുവർഷത്തിനുള്ളിൽ നികത്തിയിരിക്കണം. വിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തെ വൈദ്യുതി അപ്പലേറ്റ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.