തിരുവനന്തപുരം ; സെപ്റ്റംബർ ഒന്നുമുതലുള്ള രാവിലത്തെ പിഎസ്സി പരീക്ഷകള്‍ ഏഴു മണിക്ക് തുടങ്ങാൻ തീരുമാനം. ഇപ്പോള്‍ ഏഴേകാലിന് തുടങ്ങുന്നതുതന്നെ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗാർഥികള്‍ പരാതിപ്പെടുന്നതിനിടെയാണിത്.
സ്കൂള്‍ സമയമാറ്റത്തിന് അനുസരിച്ചാണ് പിഎസ്സിയും മാറ്റം വരുത്തിയത്.
സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ നടത്തുന്ന പരീക്ഷകളാണ് ഏഴിന് തുടങ്ങുന്നത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെ രാവിലെ പിഎസ്സി നടത്തുന്നുണ്ട്. എല്ലാ താലൂക്കുകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇതിനാല്‍ ദൂരസ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കുന്നവർ ബുദ്ധിമുട്ടിലാകും. അതിരാവിലെ പരീക്ഷാകേന്ദ്രത്തിലെത്തണമെങ്കില്‍ തലേദിവസമേ അവിടെയെത്തി താമസിക്കേണ്ടി വരും. പരീക്ഷാകേന്ദ്രത്തിനടുത്തൊന്നും താമസസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളുമുണ്ട്. ഉള്‍പ്രദേശങ്ങളാണെങ്കില്‍ അതിരാവിലെ ബസ് സർവീസുകളുമുണ്ടാകില്ല. ഒരു മിനിറ്റ് വൈകിയാല്‍പ്പോലും ഉദ്യോഗാർഥിയെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് പിഎസ്സിയുടെ നിലപാട്. അവധി ദിവസങ്ങളില്‍ കൂടുതലായി പരീക്ഷകള്‍ നടത്തിയോ, ഓണ്‍ലൈൻ പരീക്ഷകള്‍ വ്യാപിപ്പിച്ചോ, ഞായറാഴ്ചകളില്‍ പരീക്ഷകള്‍ നടത്തിയോ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം