നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് തൻ്റെ മാന്ത്രികസ്വരമാധുരി പെയ്യിച്ച് ഓരോ മലയാളിയുടെയും ഹൃദയത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ അത് വെറും സംഗീതത്തിനപ്പുറം ഒരു വികാരമായി നമ്മളിലേക്ക് പടരും. കെ.എസ്. ചിത്രയുടെ ശബ്ദം അത്തരത്തിലൊന്നാണ്. “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി” എന്ന ഗാനം കേൾക്കുമ്പോൾ കാലമെത്ര കഴിഞ്ഞാലും ആ സ്വരം നമ്മുടെ മനസ്സിൽ പ്രണയവും നൊമ്പരവും നിറയ്ക്കും.
ദുഃഖങ്ങളിൽ സാന്ത്വനമായി “ഒടുവിലെ യാത്രക്കായി” എന്ന ഗാനംപോലെ ഓരോ ഭാവത്തെയും അതിൻ്റേതായ തീവ്രതയിൽ ആവിഷ്കരിക്കാൻ ചിത്രയുടെ ശബ്ദത്തിന് ഒരു പ്രത്യേക കഴിവുണ്ട്. പ്രകൃതിയെയും ജീവിതത്തെയും സംഗീതമാക്കിയ ചിത്ര, “ഓരോ പൂക്കളുമേ ഇവിടെ ഒരു പാട്ടായ്” എന്ന് പാടി നമ്മുടെ കാതുകളിൽ സംഗീതത്തിൻ്റെ തേൻമഴ പെയ്യിച്ചു.ആഘോഷങ്ങളുടെ നിമിഷങ്ങളിൽ “ആളൊരുങ്ങി അരങ്ങൊരുങ്ങി” എന്ന ഗാനം പോലെ ചിത്രയുടെ ശബ്ദം നമ്മോടൊപ്പം ചേർന്ന് പാടി