പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.
ശനിയാഴ്ച വൈകിട്ട് 4നാണ് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിനു മുൻപിൽ സ്കൂട്ടർ യാത്രികനായ പത്തൊൻപതുകാരന്‍ അബ്ദുൽ ജവാദിനെ ബസിടിച്ചത്. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ്, സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയും മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ കയറുകയുമായിരുന്നു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ച് റീത്തുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ജീപ്പിനു മുകളിലും റീത്തു വച്ച് പ്രതിഷേധിക്കാൻ ശ്രമം ഉണ്ടായി. അപകടത്തിനു പിന്നാലെ പൊലീസ് കേസെടുത്തെങ്കിലും എഫ്ഐആറിൽ ഡ്രൈവറുടെ പേരോ സ്വകാര്യ ബസിന്റെ പേരോ പരാമർശിച്ചിട്ടില്ലെന്നാണ് ആരോപണം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.