ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തീയതി പ്രഖ്യാപിച്ച് 100 ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷം, 2025-26 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫോം 2, 3 എന്നിവയുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ശമ്പളം, വീടിന്റെ വാടക വരുമാനം, മൂലധന നേട്ടം, ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വരുമാനമുള്ളവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ മെയ് അവസാനത്തോടെ ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് ഐടിആര്‍-1, ഐടിആര്‍-4 എന്നിവയുടെ യൂട്ടിലിറ്റികള്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഐടിആര്‍-1, ഐടിആര്‍-4 യൂട്ടിലിറ്റികള്‍ മെയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലുമായിരുന്നു പുറത്തിറക്കിയത്. ഐടിആര്‍-2, ഐടിആര്‍-3 ഉള്‍പ്പെടെയുള്ള മറ്റ് ഫോമുകളുടെ യൂട്ടിലിറ്റികള്‍ ഇതുവരെ ലഭ്യമായിരുന്നില്ല.ശമ്പളം, ഒന്നിലധികം വീടുകളില്‍ നിന്നുള്ള വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് വരുമാനമുള്ള വ്യക്തികളാണ് സാധാരണയായി ഐടിആര്‍-2 ഫയല്‍ ചെയ്യുന്നത്.ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവരാണ് ഐടിആര്‍-3 ഫയല്‍ ചെയ്യുന്നത്. ഇതില്‍ വിദേശ ആസ്തികള്‍ അല്ലെങ്കില്‍ ഓഹരി വ്യാപാരം പോലുള്ള സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടാം.











