ജനാധിപത്യം സമൂഹത്തിൽ ആർക്കുവേണമെങ്കിലും പ്രക്ഷോഭം നടത്താനുള്ള അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി നിശ്ചയിച്ച കാര്യമാണിത്. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി മാത്രം കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമോ ? കോടതിയാണ് നിശ്ചയിച്ചത്, ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാം. ഗവൺമെൻറ് ആയിട്ട് ഒരു കാര്യവും നടപ്പിലാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.സ്കൂളിലെ സമയവും യൂണിഫോമും പരീക്ഷയും ഏതെങ്കിലും ഒരു വിഭാഗം പറയുന്നതുപോലെ അതേ രൂപത്തിൽ നടപ്പിലാക്കാൻ പറയുന്നത് ജനാധിപത്യമര്യാദയല്ല . ഗവൺമെൻറിനെ സംബന്ധിച്ചിടത്തോളം 47 ലക്ഷം കുട്ടികളുടെ പ്രശ്നമാണ്. രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റുമാണ് സമയം, ലോകത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മറ്റ് കാര്യങ്ങൾക്ക് ഈ സമയം ഉപയോഗിക്കണമെങ്കിൽ അത് ക്രമീകരിക്കുക . കോടതികളും വിദ്യാഭ്യാസ ചട്ടങ്ങളിലും പറയുന്നത് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സമയം ക്രമീകരിക്കേണ്ടത് പരാതി ഉള്ളവരാണ്. ചെറിയൊരു ശതമാനം വിദ്യാർഥികളെക്കാൾ 47 ലക്ഷം വിദ്യാർഥികളാണ് സർക്കാരിന് വലുത്.