തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചു. നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.എന്നാൽ വി.സി.യുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കി. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് നേരത്തേ രജിസ്ട്രാറെ സസ്‌പെൻഡു ചെയ്തത്. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് പുതിയ ചുമതല നൽകിയിരുന്നത്.ജൂൺ 25-ന് ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച സെമിനാറിൽ ഗവർണറായിരുന്നു മുഖ്യാതിഥി. വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത് തർക്കത്തിനും, പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചു. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സർവകലാശാലാചട്ടം സംഘാടകർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാർ, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ, ഗവർണർ ചടങ്ങിനെത്തിയതോടെ ഹാളിൽ സെമിനാർ നടന്നു. രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസെടുത്തു. പരിപാടി അലങ്കോലമാക്കാൻ ഉദ്ദേശിച്ച്, ചിലരുടെ ആജ്ഞയനുസരിച്ച് രജിസ്ട്രാർ പ്രവർത്തിച്ചെന്നായിരുന്നു വിസിയുടെ കണ്ടെത്തൽ.