ഓമല്ലൂരിന്റെ മണ്ണിൽ ഇനി മണികണ്ഠനില്ല. തൃശ്ശൂരിൽനിന്ന് ശബരിമലയിലെത്തി മണികണ്ഠനായവൻ. പിന്നെ ഓമല്ലൂർ രക്തകണ്ഠസ്വാമിയ്ക്കരികിൽ വന്ന് ഹൃദയം കവർന്നവൻ. എല്ലാം കഥകളായി പറയും.. കാട്ടിൽനിന്ന് വന്ന് കാടിനുള്ളിൽത്തന്നെ എരിഞ്ഞടങ്ങിയെങ്കിലും കാലങ്ങളോളം ഭക്തരുടെ ഉള്ളിൽ അവൻ ഓർമ്മത്തിടമ്പേറ്റി നിറഞ്ഞ് നിൽക്കും.ബുധനാഴ്ച വൈകിട്ട് രക്തകണ്ഠ സ്വാമിക്ഷേത്രവളപ്പിൽ ചരിഞ്ഞ മണികണ്ഠന്റെ ജഡം ഉച്ചയോടെ കോന്നിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച നേരം പുലർന്നപ്പോൾ മുതൽ ക്ഷേത്രവളപ്പിലേക്ക് ആനപ്രേമികളുടെ ഒഴുക്കായിരുന്നു. കത്തിച്ചുവെച്ച നിലവിളക്കിനരികെ പട്ട് പുതപ്പിച്ചുള്ള കിടപ്പ് നൊമ്പര കാഴ്ചയായി. മണ്ണ് മൂടിക്കിടന്ന മസ്തകം യന്ത്രക്കൈകൾ ഉയർത്തുമ്പോൾ രക്തകണ്ഠസ്വാമിയുടെ തിടമ്പേറ്റി നിന്ന തലപ്പൊക്കത്തിന്റെ ഓർമ്മകൾ മതിലകത്തുകൂടി മിന്നിമാഞ്ഞു. എല്ലാവരേയും ഒന്നുകൂടി നോക്കുംപോലെ ആ കണ്ണുകൾ തുറന്നിരുന്നു. ഭഗവാനോട് യാത്രചോദിച്ച് മണികണ്ഠൻ ഗോപുരമിറങ്ങി.ലോറിയിൽ പട്ടുവിരിച്ച് അതിനു മുകളിലേക്ക് ക്രെയിൻ വെച്ച് മണികണ്ഠനെ കയറ്റിക്കിടത്തി. കോടി മുണ്ടും പട്ടും പുതപ്പിച്ചിരുന്നു. ഒരുവർഷമായി മണികണ്ഠന്റെ പാപ്പാനായിരുന്ന വിജീഷും ആറ് മാസം രണ്ടാം പാപ്പാനായി ഉണ്ടായിരുന്ന ഒ.പി. ബിജുവും അന്ത്യയാത്രയില്‍ അവനൊപ്പമിരുന്നു. ആനപ്രേമികൾ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയും ഒരുക്കി.കല്ലേലിക്കു സമീപം ഒളിയനാട് വനത്തിലായിരുന്നു സംസ്കാരം. സാമൂഹിക വനവൽക്കരണ വിഭാഗം റേഞ്ച് ഓഫിസർ മുഹമ്മദ് സ്വാബിയറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് മഹസർ തയാറാക്കിയത്.ദേവസ്വം ബോർഡ് ഫീസ് അടച്ച ശേഷമാണ് കോന്നി ഡിഎഫ്ഒയുടെ പരിധിയിൽ വരുന്ന ഒളിയനാട് വനത്തിൽ സംസ്കരിക്കാൻ അനുമതി നൽകിയത്. കടിയാർ പാലം കഴിഞ്ഞുള്ള ഭാഗത്തായിരുന്നു സ്ഥലം. രണ്ട് കൊമ്പും ഊരി വനംവകുപ്പ് ഏറ്റെടുത്തു.