മഹാരാജാസ് കോളേജിലെ അഭിമന്യുവിൻ്റെ ഓർമ്മകൾക്ക് ഏഴ് വയസ്സ്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ പതിവുപോലെ ഈ വർഷവും മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ രാത്രിയിൽ കോളേജ് കാമ്പസിൽ ഒത്തുകൂടി. രാത്രി 11 മണിക്ക് അഭിമന്യുവിൻറെ ഓർമ്മകൾ നിറയുന്ന ഡോക്യുമെൻറയുടെ പ്രദർശനവും തുടർന്ന് പുഷ്പാർച്ചനയും നടന്നു. പിന്നീട് വിദ്യാർഥികൾ പ്രകടനമായി എത്തി കിഴക്കു ഭാഗത്തെ കോളേജ് ഗേറ്റിനു സമീപം വർഗീയതക്കെതിരെ പ്രതിഷേധ ജ്വാലയും തെളിയിച്ചു. അഭിമന്യു കുത്തേറ്റ് വീണ അതേ സമയത്ത് വർഗീയതക്കെതിരെ ചുവരെഴുത്തും നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് തുടങ്ങിയവർ നേതൃത്വം നൽകി.എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർഥിയും എൻഎസ്‌എസ് വളന്റിയർ സെക്രട്ടറിയുമായിരുന്നു അഭിമന്യു. എറണാകുളം മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണു 2018 ജൂലൈ 2 നു പുലർച്ചെ 12.45ന് അഭിമന്യുവിനു കുത്തേറ്റത്. എസ്‌എഫ്‌ഐ പ്രവർത്തകരും അഭിമന്യുവിന്റെ സുഹൃത്തുക്കളുമായ വിനീതിനെയും അർജുനെയും ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യു വധക്കേസിൽ 16 പ്രതികളും അറസ്റ്റിലായി. കുറ്റപത്രവും സമർപ്പിച്ചു. വിചാരണനടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ഇടുക്കി വട്ടവടയിൽ തോട്ടംതൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകനായ അഭിമന്യു, ശാസ്‌ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെയാണ് മഹാരാജാസിൽ രസതന്ത്ര ബിരുദപഠനത്തിന് ചേർന്നത്.